
ഒരു ഭിന്നശേഷി പെൺകുട്ടിയായി ജനിച്ച അന്നുതൊട്ട് ഈ നിമിഷംവരെ ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്.
അതിലൂടെ കടന്നു പോകുമ്പോൾ ഒരു നിമിഷം ആലോചിക്കാറുണ്ട്.
എന്തിനാണ് ഇങ്ങനൊരു ജീവിതമെന്ന്. മറ്റാർക്കും മനസ്സിലാവാത്ത വേദനകളും, അവഗണനകളും, ശാരീരിക പ്രയാസങ്ങളും അനുഭവിച്ച് തന്നെയാണ് ഓരോ സെക്കന്റും കടന്നു പോവുന്നത്.പ്രത്യേകിച്ച് പെൺകുട്ടികളായ ഞങ്ങളെ പോലെയുള്ളവർ ഓരോ മാസങ്ങളിൽ period ആവുന്നതിന് മുന്നേയുള്ള മൂഡ്സ്വിങ്ങ്സ് കാരണം ഉണ്ടാവുന്ന അലസതയും, വിരസതയും, മാനസിക അസ്വസ്ഥതയും, വയർ വേദനയും, കാൽ വേദനയും, തല വേദനയും തുടങ്ങി എണ്ണിയാൽ തീരാത്ത ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇരിക്കുന്നത്. ഇതൊന്നും ഷെയർ ചെയ്യാൻ പോലും ആരുമുണ്ടാവില്ല. സ്വന്തം വീടിന്റെ ഉള്ളിൽ പോലും തുറന്നു പറയാനോ ചേർത്ത് പിടിക്കാനോ ആരുമില്ലാത്ത സാഹചര്യത്തിൽ ഒറ്റപെട്ടു പോവുമ്പോളാണ്. ഇത്തരം സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും പാൽ ഒഴുകുന്ന വാക്കുകൾ കൊണ്ടും,പ്രകടനങ്ങൾ കൊണ്ടും, ഓരോരുത്തർ കടന്ന് വരുന്നത്. ആ സമയത്ത് അടുത്ത് നിൽക്കുന്ന മനുഷ്യന്റെ ഉള്ളിലെ ക്രൂരമായ മുഖം തിരിച്ചറിയാൻ പറ്റാത്തത് അത്രയും നിഷ്കളങ്കരായത് കൊണ്ടാണ്.
അങ്ങനെയുള്ളപ്പോൾ അവർ നൽകുന്ന കപടതയുടെ സ്നേഹം ചിരിച്ചറിയാൻ കഴിഞ്ഞുയെന്ന് വരില്ല ! അതവരുടെ കുറ്റം കൊണ്ടല്ല. നല്ല സ്നേഹം കിട്ടാതെ വരുമ്പോൾ കിട്ടുന്ന സ്നേഹം അനുഭവിക്കുന്നതാണ്. അതിനുള്ളിലെ ചതിയും വഞ്ചനയും മനസ്സിലാക്കാനും, അകറ്റേണ്ടവരെ അകറ്റി നിർത്താനും, സ്റ്റോപ്പ് ചെയേണ്ടത്, സ്റ്റോപ്പ് ചെയ്യാനും കഴിയണം. ഇല്ലെങ്കിൽ നമ്മൾ തന്നെയാണ് ഇരയാവുന്നത്. ഞാൻ തളരുമ്പോൾ എന്നെ താങ്ങി നിർത്താൻ എനിക്ക് കഴിയുമെന്ന ബോധ്യമുണ്ടാവണം.
അതുകൊണ്ടാണ് ഞാനിത്രയും കാലം ജീവിച്ചത്.
ഇപ്പോഴും ജീവിക്കുന്നതും.
നുസ്ര